ചെറുതോണി: കടയിലെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളായ ആണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയകേസില്‍ എഴുപത്തിരണ്ടുകാരനായ വ്യാപാരിക്ക് മൂന്നുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്തു വീട്ടില്‍ ചാക്കോ മത്തായി(72)യാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. കേസില്‍ ഇടുക്കി അതിവേഗ പോക്‌സോ കോടതി ജഡ്ജ് ഡി.എസ്. നോബല്‍ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

തങ്കമണി സ്‌കൂളിന്റെ പരിസരത്തുള്ള കടയില്‍ 2025ലാണ് കേസിനാസ്പദമായ സംഭവം.വ്യാപാരസ്ഥാപനം നടത്തിയിരുന്ന ഇയാള്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍വരുന്ന ചില ആണ്‍കുട്ടികളോട് മോശമായി പെരുമാറുകയായിരുന്നു. നിരന്തരം ഇപ്രകാരംചെയ്യുന്ന ഇയാളെ ആണ്‍കുട്ടികള്‍ കൂട്ടത്തോടെയെത്തി ചോദ്യംചെയ്തു. ബഹളം കേട്ടെത്തിയ സമീപത്തെ വ്യാപാരിയുടെ നിര്‍ദേശാനുസരണമാണ് കുട്ടികള്‍ വിവരം സ്‌കൂളില്‍ അറിയിക്കുന്നത്.

സ്‌കൂളധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തങ്കമണി പോലീസ് കേസെടുത്തു. പിഴത്തുകയില്‍ 10,000 രൂപ ഇരയായ കുട്ടിക്ക് നല്‍കാന്‍ കോടതി വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കണ്ടത്തിങ്കരയില്‍ കോടതിയില്‍ ഹാജരായി.