- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷംസീറിനെ കണ്ടു; മുഖ്യമന്ത്രിയെ വിളിച്ചു; പിന്നാലെ കഴുത്തു വേദന; വീണാ ജോര്‍ജിന്റേത് പിണറായി-ഷംസീര്‍ തിരക്കഥയെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവം മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍. ഷംസീറും ചേര്‍ന്ന് തയ്യാറാക്കിയ ആസൂത്രിത തിരക്കഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സ്പീക്കറെ കാണുന്നതുവരെ ഒരു കുഴപ്പവുമില്ലാതിരുന്ന മന്ത്രി, സ്പീക്കര്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചതിന് പിന്നാലെയാണ് പെട്ടെന്ന് അവശയായതെന്നും മുരളീധരന്‍ പരിഹസിച്ചു.
റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറഞ്ഞിരുന്ന മന്ത്രിക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയപ്പോഴേക്കും എങ്ങനെയാണ് കഴുത്തിന് ഉളുക്ക് സംഭവിച്ചതെന്ന് മുരളീധരന്‍ ചോദിച്ചു. 'സ്പീക്കര്‍ ഷംസീറിനോട് മന്ത്രി കാര്യങ്ങള്‍ പറയുന്നു, ഷംസീര്‍ ഉടന്‍തന്നെ മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കുന്നു. തൊട്ടുപിന്നാലെ മന്ത്രിക്ക് പെട്ടെന്ന് കഴുത്തുവേദന വരുന്നു, അവശതയുണ്ടാകുന്നു. ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നു. ഇതെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച നാടകമാണ്' - മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതിനെയും മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ഇപ്പോള്‍ സി.പി.എമ്മിന്റെ ഒരു പാര്‍ട്ടി ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിശ്വാസയോഗ്യമല്ല. മന്ത്രിയുടെ പരിക്ക് സത്യമാണോ എന്നറിയാന്‍ ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വന്ന് പരിശോധിക്കട്ടെ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
കെ.എസ്.യു. പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്തെങ്ങും പോയിട്ടില്ലെന്നും മറിച്ച് മന്ത്രിയാണ് ആക്രോശിച്ചുകൊണ്ട് അവരെ തല്ലാന്‍ ഓടിയതെന്നും മുരളീധരന്‍ പറഞ്ഞു. പോലീസുകാര്‍ മന്ത്രിയെ ശാന്തനാക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയിലുണ്ട്. 'വാര്‍ത്ത വായിക്കുന്നതുപോലെ തന്നെ അഭിനയത്തിലും മന്ത്രി മിടുക്കിയാണ്. മികച്ച നടിക്കുള്ള അവാര്‍ഡ് ഇത്തവണ മന്ത്രിക്ക് നല്‍കണം' - മുരളീധരന്‍ പരിഹസിച്ചു.
സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഈ പരിക്ക് നാടകമെന്നും മുരളീധരന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ വീഴ്ചകള്‍ മറയ്ക്കാനാണ് ഇത്തരം സഹതാപ തരംഗങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


