- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയില്‍ പോലീസുകാരനെ കാറിടിച്ച് വീഴ്ത്തിയ സംഭവം: പ്രതികള്‍ പിടിയില്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെ പോലീസ്

കൊച്ചി: വാഹനപരിശോധനയ്ക്കിടെ എ.എസ്.ഐയെ കാറിടിച്ച് തെറിപ്പിക്കുകയും ബോണറ്റിലിട്ട് 20 മീറ്ററോളം ദൂരം മുന്നോട്ട് ഓടിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ പിടിയിലായതായി സൂചന. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കലൂര്‍ ശാസ്ത റോഡില്‍ നടന്ന സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച ബലേനോ കാറും പോലീസ് കണ്ടെത്തിയതായാണ് വിവരം. പ്രതികളെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവര്‍ ആരാണെന്നോ എവിടെനിന്നാണ് പിടിയിലായതെന്നോ ഉള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എസ് സന്തോഷിനാണ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്. വാഹനപരിശോധനയ്ക്കായി തടഞ്ഞപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുത്ത് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് വീണ സന്തോഷുമായി പ്രതികള്‍ നിര്‍ത്താതെ വണ്ടി ഓടിച്ചു. 20 മീറ്ററോളം ദൂരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുന്നോട്ട് പോയ ശേഷം പെട്ടെന്ന് സഡന്‍ ബ്രേക്ക് ഇട്ട് സന്തോഷിനെ റോഡിലേക്ക് തെറിപ്പിക്കുകയായിരുന്നു. എ.സി.എസ് റോഡിലേക്കാണ് കാര്‍ അമിതവേഗതയില്‍ പാഞ്ഞുപോയത്.
എ.എസ്.ഐ സന്തോഷിന്റെ രണ്ടു കാലുകള്‍ക്കും തലയ്ക്കും സാരമായ പരിക്കേറ്റു. സന്തോഷിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോ അതോ മറ്റു ക്രിമിനല്‍ സംഘത്തില്‍പ്പെട്ടവരാണോ എന്ന സംശയം ശക്തമാണ്. പ്രതികളെ പിടികൂടാനായി നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സന്തോഷ്. പോലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയേക്കും.


