ഇടുക്കി: വഴിത്തര്‍ക്കത്തിന്റെ പേരില്‍ ഇടുക്കി കുമ്പപ്പാറയില്‍ കോണ്‍ഗ്രസ് നേതാവും സംഘവും അഴിച്ചുവിട്ടത് ക്രൂരമായ അക്രമം. വഴിയില്‍ ഗേറ്റ് വെച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമമായി മാറുകയായിരുന്നു. അക്രമത്തില്‍ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ ഷാജി കൊച്ചുകരോട്ട് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ രാജക്കാട് പോലീസ് കേസെടുത്തു.

കുമ്പപ്പാറ സ്വദേശിനികളായ സുധ, മകള്‍ സുബി, സുധയുടെ സഹോദരി പൊന്നമ്മ, അയല്‍വാസി ബിന്ദു, ബിന്ദുവിന്റെ മകള്‍ കൃഷ്ണപ്രിയ എന്നിവര്‍ക്കാണ് കോണ്‍ഗ്രസ് നേതാവിന്റെയും സംഘത്തിന്റെയും മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇവരെ രാജക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഘര്‍ഷമുണ്ടായത്.

കുറച്ചുനാളുകളായി ഇരുകൂട്ടരും തമ്മില്‍ വഴി സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ ഷാജി വഴിയരികില്‍ ഒരു ഗേറ്റ് സ്ഥാപിച്ചത് പ്രശ്നം വഷളാക്കി. ഈ ഗേറ്റ് മറുകൂട്ടര്‍ ഇളക്കിമാറ്റിയതോടെ ഷാജിയും സംഘവും അക്രമാസക്തരാവുകയായിരുന്നു. രാത്രി ബിന്ദുവിന്റെ വീടിന് സമീപമെത്തിയ ഷാജിയും സംഘവും സ്ത്രീകളെ വടികൊണ്ട് അടിക്കുന്നതും അസഭ്യം പറയുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സ്ത്രീകളെയും കുട്ടികളെയും പോലും പരിഗണിക്കാതെയായിരുന്നു സംഘത്തിന്റെ പരാക്രമം. ഷാജി കൊച്ചുകരോട്ടിനെ കൂടാതെ മഠത്തിശ്ശേരി രാജു, ഇദ്ദേഹത്തിന്റെ മക്കളായ ടിനോയ്, ടിന്റു എന്നിവര്‍ക്കെതിരെയാണ് പോലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാട്ടില്‍ ക്രമസമാധാനം പാലിക്കേണ്ട രാഷ്ട്രീയ നേതാവ് തന്നെ സ്ത്രീകളെ തെരുവിലിട്ട് മര്‍ദ്ദിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജക്കാട് പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.