തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് സ്വന്തമാക്കാന്‍ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം കരകുളം വേറ്റികോണം ചെക്കക്കോണം മാടവന ലെയ്ന്‍ വിനോദ് ഭവനിലെ ശശി (80, ആന്റണി)യെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ വിനോദിനെ (40)യാണ് തിരുവനന്തപുരം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ പി അനില്‍കുമാര്‍ ശിക്ഷിച്ചത്. 50000 രൂപ പിഴയും അടയ്ക്കണം. പിഴ ഒടുക്കാത്തപക്ഷം അധികമായി 8 മാസം തടവും അനുഭവിക്കണം.

ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരനായിരുന്ന ആന്റണിയുടെ കൈയിലുണ്ടായിരുന്ന സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ നല്‍കാത്തതിനെത്തുടര്‍ന്നായിരുന്നു കൊലപാതകം. 2022 ജൂലൈ 19ന് രാത്രി വീട്ടിലേക്കുള്ള ഇടവഴിയില്‍വച്ചായിരുന്നു ആക്രമണം. റോഡരികിലെ ഇരുമ്പുപൈപ്പില്‍ പിടിച്ചുനിന്ന ആന്റണിയുടെ വയറിനും മുതുകിനും വിനോദ് ചവിട്ടി. ആന്റണിയുടെ തല റോഡരികിലെ ഇരുമ്പുപൈപ്പില്‍ ഇടിപ്പിച്ചു. പൈപ്പിലെ പിടിവിട്ടപ്പോള്‍ ഇടുപ്പില്‍ പിടിച്ചുയര്‍ത്തി തറയില്‍ അടിച്ചു.

ആന്റണിയെ അരുവിക്കര പൊലീസ് എത്തിയാണ് പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഗവ. ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സെപ്തംബര്‍ 12നാണ് മരിച്ചത്. തലയ്‌ക്കേറ്റ ആന്തരികമായ മുറിവായിരുന്നു മരണകാരണം. പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി ജി റെക്‌സ് ഹാജരായി.