തിരുവനന്തപുരം: നവകേരള നിര്‍മ്മിതിയുടെ ഭാഗമായി പരമ്പരാഗത വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയതായി രജിസ്‌ട്രേഷന്‍ - മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി നിരവധി പദ്ധതികളാണ് ഇതിനകം നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. കേരള കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ ആരംഭിച്ച കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ മാതൃകകളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കൊപ്പം തന്നെ പരമ്പരാഗത മേഖലയ്ക്കും സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്. മാര്‍ച്ച് 3ന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ പൊങ്കാല കലങ്ങള്‍ ഉള്‍പ്പെടെയുള്ള കളിമണ്‍ പാത്രങ്ങള്‍ ലഭ്യമാക്കുകയാണ് പ്രദര്‍ശ വിപണന മേളയുടെ ലക്ഷ്യം. വൈവിധ്യവല്‍ക്കരണത്തിലൂടെ മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ നേര്‍സാക്ഷ്യം കൂടിയാണ് ഈ മേളയെന്നും മന്ത്രി പറഞ്ഞു.

പിന്നാക്ക വിഭാഗ വികസന ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സിദ്ധാര്‍ദ്ധന്‍ ജി, മന്ത്രിയില്‍ നിന്നും ആദ്യ വില്‍പന സ്വീകരിച്ചു. ഫെബ്രുവരി 28 വൈകിട്ട് 6 വരെയാണ് മേള.