തിരുവനന്തപുരം: വികസനപരമായ തൊഴില്‍ സംസ്‌ക്കാരം നടപ്പിലാക്കുന്നതില്‍ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരങ്ങളുടെ വിതരണം തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ഒട്ടുമിക്ക മേഖലകളിലും മിനിമം വേതനം നടപ്പിലാക്കിയതും തൊഴിലിടങ്ങളിലെ ഇരിപ്പിടവകാശം പോലുള്ള വിപ്ലവകരമായ തീരുമാനങ്ങള്‍ നടപ്പിലാക്കിയതും സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടങ്ങളാണ്. സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ ഒരുക്കുന്നതിലും തൊഴിലാളികളുടെ സാമൂഹ്യ - സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിലും സംസ്ഥാനം ഒന്നാമതാണെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ക്കുള്ള സര്‍ക്കാരിന്റെ കരുതലിന്റെ തെളിവാണ് തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം. തൊഴിലാളികളുടെ ഉല്‍പാദനക്ഷമതയും തൊഴില്‍പരമായ കഴിവും പ്രോത്സാഹിപ്പിക്കാനാണ് 2019 മുതല്‍ ഈ പുരസ്‌ക്കാരം നല്‍കി വരുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു പുരസ്‌ക്കാര സമ്പ്രദായമില്ല. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടുതൊഴിലാളി, നിര്‍മ്മാണ തൊഴിലാളി, തയ്യല്‍ തൊഴിലാളി, ഐ ടി മേഖല, നഴ്‌സ് തുടങ്ങി വൈവിധ്യമാര്‍ന്ന ഇരുപതോളം മേഖലകളില്‍ നിന്നാണ് പുരസ്‌ക്കാരത്തിനായി തൊഴിലാളികളെ പരിഗണിച്ചത്. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേരിട്ടുള്ള പരിശോധനയ്ക്കു ശേഷം ജില്ലാ, റീജിയണല്‍, സംസ്ഥാന തലങ്ങളിലുള്ള ഇന്റര്‍വ്യൂകളിലൂടെ വളരെ സുതാര്യമായാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ തൊഴില്‍ മേഖലയെ ആധുനികവല്‍ക്കരിക്കുന്നതിനായി 'വിഷന്‍ 2031' ല്‍ ഉള്‍പ്പെടുത്തി മികച്ച പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുകയാണ്. പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി പരമ്പരാഗത തൊഴില്‍ മേഖലകളെ നവീകരിക്കാനും പഠനത്തോടൊപ്പം തൊഴില്‍ എന്ന രീതിയിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. തൊഴിലിടങ്ങള്‍ ലഹരിമുക്തമാക്കാനുള്ള കര്‍മ്മപദ്ധതികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

സമത്വം, നീതി, കരുതല്‍ എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു തൊഴില്‍ മേഖലയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുരസ്‌ക്കാരം ലഭിച്ച എല്ലാ തൊഴിലാളികളെയും മന്ത്രി അഭിനന്ദിച്ചു. പുരസ്‌ക്കാര ജേതാക്കളുടെ ഈ കഠിനാധ്വാനം എല്ലാ തൊഴിലാളികള്‍ക്കും പ്രചോദനമാകട്ടെയെന്നും മന്ത്രി ആശംസിച്ചു.

തൊഴിലും നൈപുണ്യവും വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എസ് ഷാനവാസ് അധ്യക്ഷനായി. ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദീന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജി വേണുഗോപാല്‍, അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ കെ ശ്രീലാല്‍, വിവിധ തൊഴിലാളി സംഘടനാ ഭാരവാഹികള്‍, തൊഴിലാളികള്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.