കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ബര്‍ണശ്ശേരിയിലുള്ള പൊതുശൗചാലയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് മീന്‍കുന്ന് സ്വദേശി അജ്‌നാസ് (24) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ബര്‍ണശ്ശേരിയിലെ ടോയ്ലറ്റിനുള്ളില്‍ അജ്‌നാസിന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തില്‍ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ ശൗചാലയത്തില്‍ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

യുവാവ് എങ്ങനെ ഇവിടെ എത്തി എന്നതിനെക്കുറിച്ചും മരണകാരണത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.