പത്തനംതിട്ട: പാലക്കാട് നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ, അടൂരിലെ സ്വകാര്യ ഹോട്ടലില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും എംപി വി.കെ. ശ്രീകണ്ഠനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും തികച്ചും അവിചാരിതമായിരുന്നു ഇതെന്നും വി.കെ. ശ്രീകണ്ഠന്‍ എംപി വ്യക്തമാക്കി.

അടൂരിലെ സ്വകാര്യ ഹോട്ടലില്‍ വി.കെ. ശ്രീകണ്ഠന്‍ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവിടേക്ക് എത്തിയത്. റെസ്റ്റോറന്റിലുള്ള ഒരു സുഹൃത്തിനെ കാണാനാണ് രാഹുല്‍ എത്തിയതെന്നും അവിടെവെച്ച് പരസ്പരം കണ്ടുമുട്ടുകയായിരുന്നു എന്നുമാണ് വിശദീകരണം. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് യാതൊരുവിധ ചര്‍ച്ചകളും ഇവിടെ നടന്നിട്ടില്ലെന്ന് എംപി പറഞ്ഞു.

പാലക്കാട് സീറ്റിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് പാര്‍ട്ടി ഹൈക്കമാന്‍ഡാണ്. സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ട്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതില്‍ തനിക്ക് വ്യക്തിപരമായി ഇടപെടേണ്ട സാഹചര്യമില്ല. പാലക്കാട് എംപി എന്ന നിലയില്‍ മണ്ഡലത്തിലെ എംഎല്‍എയുമായി സംസാരിക്കാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ കൂടിക്കാഴ്ച മുന്‍കൂട്ടി നിശ്ചയിച്ചതല്ലെന്നും എംപി പറയുന്നു.