- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ഷാള്‍ മുറുക്കി കൊന്നു; ഭര്‍ത്താവിനായി തിരച്ചില്‍

കൊച്ചി: പെരുമ്പാവൂര്‍ കീഴില്ലത്ത് കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശി ബിജിമോളാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് ലൈജുവിനായി കുറുപ്പംപടി പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. കീഴില്ലത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇന്ന് ഉച്ചയോടെ ദമ്പതികള്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായാണ് വിവരം. വാക്കുതര്‍ക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോള്‍ കഴുത്തില്‍ ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഇയാള്‍ ഹോട്ടലില്‍ നിന്നും കടന്നുകളഞ്ഞു.
കൊലപാതകം നടക്കുന്ന സമയത്ത് ദമ്പതികളുടെ മകന്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന മകന്‍ തിരികെ എത്തിയപ്പോഴാണ് അമ്മ ബിജിമോള്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഹോട്ടല്‍ അധികൃതരെ വിവരമറിയിക്കുകയും ബിജിമോളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ലൈജുവിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്.
ദാമ്പത്യ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലൈജുവിനെ പിടികൂടിയാലേ വ്യക്തമാകൂ. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുന്നു.


