തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കും. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഉഭയകക്ഷി ചര്‍ച്ചയിലാണ് കേരള കോണ്‍ഗ്രസ് എസിന് സീറ്റ് കൊടുക്കാന്‍ ധാരണയായത്. ഉഭയകക്ഷി ചര്‍ച്ചയ്ക്കായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, കേരള കോണ്‍ഗ്രസ് എം നേതാക്കളും എകെജി സെന്ററില്‍ എത്തിയിരുന്നു. ജോസ് കെ മാണി, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരാണ് എത്തിയത്. ജനാധിപത്യ കേരള കോണ്‍ഗ്രസുമയുള്ള ഉഭയകക്ഷി ചര്‍ച്ച അവസാനിച്ചു.

തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല. സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് തന്നെയെന്ന് ആന്റണി രാജു അറിയിച്ചു. സീറ്റ് വ്യക്തിയുടേതല്ല, പാര്‍ട്ടിയുടേതാണെന്നും ആന്റണി രാജു പറഞ്ഞു. അതേസമയം, സിപിഐയില്‍ ആറ് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റില്ലെന്നാണ് വിവരം. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ആറുപേരെ ഒഴിവാക്കി. ഇ.ചന്ദ്രശേഖരന്‍, ഇ.കെ വിജയന്‍, ചിറ്റയം ഗോപകുമാര്‍, ജി.എസ് ജയലാല്‍, പി.എസ് സുപാല്‍, വി. ശശി എന്നിവരെയാണ് ഒഴിവാക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. സിപിഐയുടെ നാല് മന്ത്രിമാരും മത്സരിക്കും.