- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിയാഴ്ചയിലെ പള്ളി പ്രസംഗം ആംഗ്യഭാഷയില്‍ അവതരിപ്പിച്ച് കാസര്‍കോട് സുന്നി സെന്റര്‍; ശ്രവണ പരിമിതര്‍ക്കായി എല്ലാ വെള്ളിയാഴ്ചകളിലു സൗകര്യം ഒരുക്കും
വെള്ളിയാഴ്ചയിലെ പളളി പ്രസംഗം ആംഗ്യ ഭാഷയിലും

കാസര്‍കോട്: വെള്ളിയാഴ്ച ജുമുഅയ്ക്കു ശേഷമുള്ള പ്രഭാഷണം ശ്രവണ പരിമിതര്‍ക്കായി ആംഗ്യ ഭാഷയില്‍ അവതരിപ്പിച്ച് സുന്നി സെന്റര്‍. ശ്രവണ പരിമിതരായ ആളുകള്‍ക്കും വെള്ളിയാഴ്ച പള്ളിയിലെ പ്രഭാഷണം മനസ്സിലാക്കാന്‍ അവസരമൊരുക്കുക എന്നതായിരുന്നു ലക്ഷ്യം. ഖത്തീബ് അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ നടത്തിയ പ്രഭാഷണമാണ് കോഴിക്കോട് മര്‍ക്കസ് അലിഗേറ്റ അല്‍ അസാസ് അക്കാദമി വിദ്യാര്‍ഥിയായ മജീര്‍പ്പള്ളിയിലെ മുഹമ്മദ് മുആദ് ആംഗ്യ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്.
എസ്വൈഎസ് സംസ്ഥാന കമ്മിറ്റി മഹ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടിയില്‍ നിന്നാണ് മുആദ് ആംഗ്യഭാഷയില്‍ പ്രാവീണ്യം നേടിയത്. ഇനിയുള്ള ആഴ്ചകളിലെ വെള്ളിയിലും സുന്നി സെന്ററില്‍ ശ്രവണ പരിമിതര്‍ക്കായി ആംഗ്യ ഭാഷാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് എസ്വൈഎസ് ജില്ലാ സാമൂഹികം ഡയറക്ടറേറ്റ് അറിയിച്ചു. റമസാനിലെ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅയ്ക്ക് ശേഷമാണ് ഈ പ്രത്യേക സെഷനുകള്‍ നടക്കുക.
നേരത്തെ കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ നയിച്ച കേരള യാത്രയില്‍ ശ്രവണ പരിമിതര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ആംഗ്യ ഭാഷാ വിവര്‍ത്തന സംവിധാനത്തിന്റെ തുടര്‍ച്ചയായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷി വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേര്‍ത്തു പിടിക്കുന്നതിന്റെ ഭാഗമായി എസ്വൈഎസ് ജില്ലാ സാമൂഹികം ഡയറക്ടറേറ്റ് നടപ്പിലാക്കിവരുന്ന 'ട്യൂണ്‍ ഓഫ് സൈലന്‍സ്' എന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമാണിത്.


