- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്'; കെ പി ഉണ്ണികൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : മുന്‍ കേന്ദ്ര മന്ത്രിയും ദീര്‍ഘകാലം വടകരയില്‍ നിന്നുള്ള ലോകസഭ അംഗവുമായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പത്രപ്രവര്‍ത്തന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വി.പി. സിംഗ് മന്ത്രിസഭയില്‍ ടെലികമ്മ്യൂണിക്കേഷന്‍, ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം മികച്ച ഭരണാധികാരി എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടു. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിരുന്നു. ബോഫോഴ്‌സ് പോലുള്ള കുംഭകോണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനും മറ്റും പാര്‍ലമെന്റിലും പുറത്തും ധീരമായ നിലപാട് കൈക്കൊണ്ടു. കേന്ദ്ര മന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും അദ്ദേഹത്തിന് സാധിച്ചു. പത്രപ്രവര്‍ത്തന, പാര്‍ലമെന്റി രം?ഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം നെഹ്‌റുവിയന്‍ മൂല്യങ്ങള്‍ കോണ്‍ഗ്രസില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു.
1990ലെ ഗള്‍ഫ് യുദ്ധകാലത്ത് കുവൈത്തില്‍ കുടുങ്ങിയ ഒന്നര ലക്ഷത്തോളം മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ കെ പി ഉണ്ണികൃഷ്ണന്‍ വഹിച്ച നേതൃപരമായ പങ്ക് എക്കാലവും ഓര്‍ക്കപ്പെടും. യുദ്ധസാഹചര്യത്തില്‍ പോലും ബാഗ്ദാദിലെ രഹസ്യകേന്ദ്രത്തില്‍ വെച്ച് സദ്ദാം ഹുസൈനെ കാണാനും മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായ ഭാഷയില്‍ എതിര്‍ക്കുകയും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്ത കെപി ഉണ്ണികൃഷ്ണനെതിരെയാണ് 1991ല്‍ കോലീബി സഖ്യം പൊതു സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചത്. എന്നാല്‍ വടകര ലോകസഭാ മണ്ഡലത്തിലെ വിജയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഉണ്ണികൃഷ്ണനു തന്നെയായിരുന്നു. 1971 മുതല്‍ 1996 വരെ 25 വര്‍ഷം തുടര്‍ച്ചയായി വടകരയെ ലോകസഭയില്‍ പ്രതിനിധീകരിച്ചു.
ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന മലയാളിയായും, നിര്‍ണ്ണായക ഘട്ടങ്ങളില്‍ രാജ്യത്തിനുവേണ്ടി നിലപാടുകളെടുത്ത നേതാവുമാണ് കെ പി ഉണ്ണികൃഷ്ണന്‍. ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.


