കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ മൊഴി രേഖപ്പെടുത്തി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ സോണല്‍ ഓഫീസിലാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരായത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളില്‍ ഒപ്പുവച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് നേരത്തെ പ്രത്യേക അന്വേഷണസംഘം ഇദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേസില്‍ മാര്‍ച്ച് ആദ്യവാരം ഹാജരാകാന്‍ എന്‍ വാസുവിനും തന്ത്രിക്കും ഇഡി നോട്ടീസ് നല്‍കിയിരുന്നു.

മൂന്ന് മാസത്തോളം ജയിലിലായിരുന്ന എന്‍ വാസുവിന് സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡിയുടെ നടപടി. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ നിര്‍ണായക നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.എന്‍ വാസുവിന് ശേഷം തന്ത്രിയെയും ഇഡി ചോദ്യം ചെയ്യും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നിലവില്‍ നോട്ടീസ് നല്‍കിയിട്ടില്ല. മറ്റു പ്രതികളെ ചോദ്യം ചെയ്ത ശേഷം മാത്രമേ ഇദ്ദേഹത്തിലേക്ക് അന്വേഷണം എത്തുകയുള്ളൂ. കേസിലെ സാക്ഷിപ്പട്ടികയിലുള്ള നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ആഴ്ചകളില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. ആകെ 28 പേരെയാണ് ഇഡി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എട്ടുപേര്‍ സാക്ഷിപ്പട്ടികയിലുണ്ട്.

കേസിലെ പ്രതികള്‍ നേരത്തെ അറസ്റ്റിലായ സാഹചര്യത്തില്‍ എന്‍ വാസു അടക്കമുള്ളവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്ന നടപടികളിലേക്ക് ഇഡി കടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നേരിട്ടുള്ള ചോദ്യം ചെയ്യല്‍ ആരംഭിച്ചിരിക്കുന്നത്. പ്രതിപ്പട്ടികയിലുള്ള ഓരോരുത്തരെയായി വരും ദിവസങ്ങളില്‍ ഇഡി വിളിച്ചുവരുത്തും.2019 ഫെബ്രുവരി 26ന് വാസു നല്‍കിയ കത്ത് അംഗീകരിച്ചാണ് മാര്‍ച്ച് 19-ലെ ബോര്‍ഡ്യോഗം പോറ്റിയുടെ കൈയില്‍ പാളികള്‍ കൊടുത്തുവിടാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണപ്പാളികള്‍ കടത്തിയത്.

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ആദ്യമായി ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്ന് ദേവസ്വം കമ്മിഷണറായിരുന്ന എന്‍ വാസു ബോര്‍ഡിന്റെ അംഗീകാരത്തിനായി നല്‍കിയ കത്തിലാണെന്നാണ് കണ്ടെത്തല്‍. പിന്നീട് ദ്വാരപാലക ശില്പപാളികളുടെ കാര്യത്തിലും ഇതേ തട്ടിപ്പ് ആവര്‍ത്തിച്ചു.