- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് സിറ്റിങ് എംഎല്‍എമാര്‍ മാറിയേക്കും; സെക്രട്ടേറിയറ്റ് ശുപാര്‍ശക്ക് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകാരം

തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ചവരെ മാറ്റിനിര്‍ത്തണമെന്ന സെക്രട്ടേറിയറ്റ് ശുപാര്‍ശയ്ക്ക് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകാരം. ആറ് സിറ്റിങ് എംഎല്‍എമാര്‍ ഇത് പ്രകാരം മാറി നില്‍ക്കേണ്ടിവരും. രണ്ട് ടേം പിന്നിട്ടവര്‍ക്ക് ഇളവ് നല്‍കുന്നത് വിജയസാധ്യത പരിഗണിച്ച് മാത്രം മതിയെന്നും എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. നാളെ ജില്ലാ കൗണ്‍സിലുകളും പിന്നാലെ മണ്ഡലം കമ്മിറ്റികളും ചേര്‍ന്ന സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തും. എട്ടിന് സംസ്ഥാന നേതൃയോഗങ്ങള്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കും.
25 സീറ്റിലാണ് കഴിഞ്ഞതവണ സി.പി.ഐ. മത്സരിച്ചത്. ഇതില്‍ 17 പേരാണ് ജയിച്ചത്. ഇതില്‍ ആറുപേര്‍ മൂന്നുതവണ എം.എല്‍.എ. ആയവരാണ്. ഇവരെ നിര്‍ബന്ധമായും മാറ്റാനാണ് തീരുമാനം. രണ്ടുതവണ മത്സരിച്ചവരില്‍ വിജയ സാധ്യതയുള്ളവരെ നിലനിര്‍ത്തും. മത്സരത്തിനിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്കളായ വി.എസ്. സുനില്‍കുമാറിനെയും സത്യന്‍ മൊകേരിയെയും തീരുമാനം ബാധിച്ചേക്കാം. മന്ത്രിമാരില്‍ കെ. രാജനൊഴികെ മറ്റ് മൂന്നുപേര്‍ക്കും മാനദണ്ഡങ്ങള്‍ തടസ്സമാവില്ല. ഒല്ലൂര്‍ മണ്ഡലത്തില്‍നിന്ന് രാജന്‍ രണ്ടുതവണ എം.എല്‍.എ.യായിട്ടുണ്ട്. പക്ഷേ, വിജയത്തിന് അനിവാര്യമായതിനാല്‍ രാജന് ഇളവുലഭിച്ചേക്കും.


