നിലമ്പൂര്‍: മലപ്പുറം അമരമ്പലത്തും പരിസര പ്രദേശങ്ങളിലും നിര്‍മാണത്തിലിരിക്കുന്ന വീടുകളില്‍ ഇലക്ട്രിക് വയറിങ് സാമഗ്രികള്‍ മോഷ്ടിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. ചുള്ളിയോട് പരത സ്വദേശികളായ ഒടുക്കന്‍ ജിത്തു (28), നറുക്കില്‍ ശ്രീജിത്ത് (28) എന്നിവരെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. ടൈല്‍സ് പണിക്കാരനായ പ്രതികളിലൊരാള്‍ ജോലിക്ക് പോകുന്ന വീടുകള്‍ മുന്‍കൂട്ടി കണ്ട് വെച്ചാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. വയറിങ് പൂര്‍ത്തിയായതും സീലിങ് ജോലി കഴിഞ്ഞതുമായ വീടുകളാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ചെറിയ തുകയുടെ വയറുകളാണ് മോഷ്ടിക്കപ്പെടുന്നതെങ്കിലും, സീലിങ് പൊളിച്ചും മറ്റും വയര്‍ വലിച്ചെടുക്കുന്നതിനാല്‍ ഉടമകള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യതയാണ് ഉണ്ടാകുന്നത്.

എടവണ്ണ, എടക്കര തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 22 ഓളം വീടുകളില്‍ മോഷണം നടത്തി. കഴിഞ്ഞ ബുധനാഴ്ച പറയങ്കാട് മേലേടത്ത് ഹസ്‌ക്കറിന്റെ വീട്ടില്‍ നടന്ന മോഷണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പൂക്കോട്ടുംപാടം സ്റ്റേഷന്‍ ഓഫിസര്‍ രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ ജെയിംസ്, എന്‍.കെ. അബ്ദുല്‍ നാസര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.ടി നൗഷാദ്, ജിഷ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്.