- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയ്ക്ക് അഭിമാനമായി സംസ്ഥാനത്തെ ആദ്യ റൂറല്‍ ജില്ലാ ജയില്‍; നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

വടകര: കേരളത്തിലെ ജയില്‍ സംവിധാനങ്ങളില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ ആദ്യ റൂറല്‍ ജില്ലാ ജയില്‍ വടകരയില്‍ യാഥാര്‍ത്ഥ്യമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജയിലിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. അന്തേവാസികള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'റൂറല്‍ ജയില്‍' എന്ന പുതിയ ആശയത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
ആകെ 18 കോടി രൂപ ചെലവിലാണ് ജയില്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ ചുറ്റുമതിലിനും കവാടത്തിനുമായി 2.35 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികളാണ് ആരംഭിക്കുന്നത്. പുതുപ്പണം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപം ഇറിഗേഷന്‍ വകുപ്പ് വിട്ടുനല്‍കിയ 60 സെന്റ് ഭൂമിയിലാണ് ജയില്‍ ഉയരുന്നത്. പാര്‍ക്കിംഗ് ആവശ്യങ്ങള്‍ക്കായി അധികമായി 40 സെന്റ് കൂടി ഏറ്റെടുക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.
മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റ്, വീഡിയോ കോണ്‍ഫറന്‍സ് റൂം, ലൈബ്രറി, യോഗ ഹാള്‍, അത്യാധുനിക സെല്ലുകള്‍ എന്നിവയുണ്ടാകും. 223 പേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ടാകും. ലഹരിക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും എന്നത് ഈ ജയിലിന്റെ പ്രത്യേകതയാണ്. ജോയിന്റ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ജയില്‍ മേധാവി. 150-ഓളം ജീവനക്കാര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ സജ്ജീകരിക്കും.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ച നിലവിലെ വടകര സബ് ജയിലില്‍ വെറും 14 പേരെ താമസിപ്പിക്കാനുള്ള സൗകര്യമേയുള്ളൂ. എന്നാല്‍ നിലവില്‍ 34 പേരെ പാര്‍പ്പിച്ചിരിക്കുന്ന ഇവിടെ സുരക്ഷാഭീഷണിയും സൗകര്യങ്ങളുടെ കുറവും രൂക്ഷമാണ്. പുതിയ റൂറല്‍ ജില്ലാ ജയില്‍ പൂര്‍ത്തിയാകുന്നതോടെ കുറ്റവാളികളുടെ തെറ്റുതിരുത്തലിനും പുനരധിവാസത്തിനുമുള്ള ഒരു മാതൃകാ കേന്ദ്രമായി ഇത് മാറുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.


