കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസില്‍ പുലര്‍ച്ചെ യാത്രക്കാര്‍ക്ക് നേരെ കല്ലേറ്. റോഡിലൂടെ കടന്നുപോയ രണ്ട് കാറുകള്‍ക്കും ഒരു ലോറിക്കുമാണ് കല്ലേറേറ്റത്. ആക്രമണത്തില്‍ വാഹനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ മെട്രോ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളെ ലക്ഷ്യം വെച്ചാണ് സാമൂഹിക വിരുദ്ധര്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ലോറിയുടെ മുന്‍വശത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് കാറുകളുടെ ബോഡിക്കും ചില്ലുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ലഹരി സംഘങ്ങളോ മറ്റ് സാമൂഹിക വിരുദ്ധരോ ആണോ ഈ അക്രമത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.