- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങള്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഓഡിറ്റ് വിഭാഗം; ആഗോള അയ്യപ്പ സംഗമ കണക്കില്‍ പൊരുത്തക്കേടുകള്‍ മാത്രം

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ വലിയ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയെ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകള്‍ ഹൈക്കോടതി നേരിട്ട് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഓഡിറ്ററോട് റിപ്പോര്‍ട്ട് തേടിയത്. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്ന് ആരാഞ്ഞ കോടതി, 10 ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓഡിറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കണക്കുകള്‍ തയ്യാറാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയ വിജയന്‍ അസോസിയേറ്റിനെ കേസില്‍ കക്ഷി ചേര്‍ത്ത കോടതി, വ്യാഴാഴ്ച എല്ലാ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടു. സംഗമം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കൃത്യമായ കണക്കുകള്‍ ഹാജരാക്കാത്തതില്‍ കോടതി കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. നേരത്തെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴി സമര്‍പ്പിച്ച കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നേരിട്ടുള്ള ഇടപെടല്‍ നടത്തിയത്.
തങ്ങള്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഓഡിറ്റ് വിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍ രേഖകളെല്ലാം സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് കൈമാറിയെന്ന വാദമാണ് ബോര്‍ഡ് കോടതിയില്‍ ഉയര്‍ത്തിയത്. കണക്കുകള്‍ പരിശോധിക്കാന്‍ ബോര്‍ഡ് പ്രത്യേക കമ്മിറ്റിയെ വെച്ചെങ്കിലും കോടതിക്ക് തൃപ്തികരമായ റിപ്പോര്‍ട്ട് നല്‍കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഓഡിറ്ററുടെ പുതിയ റിപ്പോര്‍ട്ടിനായി കോടതി കാത്തിരിക്കുന്നത്.


