- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എ സിയുടെ അടിഭാഗത്ത് ഒരു വാല്‍പോലെ എന്തോ മറയുന്നത് കണ്ടു; ടോര്‍ച്ച് അടിച്ചുനോക്കിയപ്പോള്‍ പാമ്പിന്റെ ഭാഗം; എസി തുറന്നപ്പോള്‍ അഞ്ച് പാമ്പുകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി. ശ്രീകാര്യം ചെറുവയ്ക്കല്‍ താമസിക്കുന്ന ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ മാധവ് ജെ പണിക്കരുടെ ബെഡ്‌റൂമിലെ എയര്‍ കണ്ടീഷനകത്താണ് പാമ്പുകള്‍ കുടുംബമായി തങ്ങിയത്. മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എ സിയുടെ അടിഭാഗത്ത് ഒരു വാല്‍പോലെ എന്തോ മറയുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
സംശയംതോന്നി എ സിക്ക് സമീപം ചെന്നപ്പോള്‍ അകത്ത് നിന്ന് ചെറിയ ശബ്ദം കേട്ടു. ടോര്‍ച്ച് അടിച്ചുനോക്കിയപ്പോള്‍ പാമ്പിന്റെ ഭാഗം കണ്ടു. ഉടന്‍ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് വനംവകുപ്പിലെ സ്‌നേക്ക് റെസ്‌ക്യൂ ഓഫീസര്‍ റോഷ്‌നിയെ വീട്ടുകാര്‍ വിളിച്ചു. റോഷ്‌നിയുടെ നിര്‍ദേശപ്രകാരം 'സര്‍പ്പ'യിലെ സ്‌നേക്ക് ക്യാച്ചര്‍ ഗൗതം ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി.
ടോര്‍ച്ച് തെളിച്ചു നോക്കിയപ്പോള്‍ കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണ് എന്ന് മനസ്സിലാക്കി. എ സി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കി എ സി ടെക്‌നീഷ്യനെ വിളിച്ചുവരുത്തി. എസി തുറന്നപ്പോള്‍ അഞ്ച് ഓളം വില്ലൂന്നി പാമ്പുകള്‍ ഉള്ളില്‍ കണ്ടു. എസിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളില്‍ എത്തിയത്.
ഒന്നര മണിക്കൂര്‍ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി. ഒരെണ്ണം ഔട്ടര്‍ പൈപ്പിന്റെ സൈഡിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. മരചില്ലകള്‍ വീടിന്റെ ടെറസ്സില്‍ താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവയ്ക്ക് വീട്ടിലെ എസി ക്കുള്ളില്‍ കയറാന്‍ കഴിഞ്ഞത് എന്നാണ് സര്‍പ്പ യിലെ സ്‌നേക്ക് ക്യാച്ചര്‍ ഗൗതം പറഞ്ഞത്. വീടിനോട് ചാഞ്ഞ് കിടക്കുന്ന മരച്ചില്ലകള്‍ വെട്ടികളയേണ്ടതിന്റെ പ്രാധാന്യമാണ് ഈ സംഭവം കാണിക്കുന്നത്. പിടി കൂടിയ പാമ്പുകളെ പിന്നീട് ദൂരെയുള്ള ആള്‍പാര്‍പ്പില്ലാത്ത തുറസ്സായ കുറ്റി കാട്ടിലേക്ക് തുറന്നു വിട്ടു.


