കോട്ടയം: പുതുപ്പള്ളിയില്‍ സംഘടിപ്പിച്ച 'പുതുപ്പള്ളി ഫെസ്റ്റ്' പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സാരി വിതരണം ചെയ്തത് രാഷ്ട്രീയ വിവാദമാക്കി സിപിഎം. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് മൂന്നുവരെ 'പുതുപ്പള്ളി ജനകീയ കൂട്ടായ്മ'യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പുതുപ്പള്ളി ഫെസ്റ്റ്' എന്ന പരിപാടിയിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്ക് സാരികള്‍ വിതരണം ചെയ്തത്. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള നീക്കമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

തമിഴ്നാട് മോഡലില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ചാണ്ടി ഉമ്മന്‍ ശ്രമിക്കുന്നതെന്നാണ് സിപിഎമ്മിന്റെ ആരോപണം. സാരി വാങ്ങാനായി മാത്രം രണ്ട് കോടിയിലധികം രൂപ ചെലവഴിച്ചെന്നും ഇതിന്റെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്നും പുതുപ്പള്ളിയിലെ സിപിഎം ഏരിയ സെക്രട്ടറി സുഭാഷ് പി വര്‍ഗീസ് ആവശ്യപ്പെട്ടു. ചലച്ചിത്ര താരങ്ങള്‍ പങ്കെടുത്ത പരിപാടിയുള്‍പ്പെടെ ആകെ അഞ്ചാറ് കോടി രൂപ ഈ ഉത്സവത്തിനായി ചെലവാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഓഡിറ്റിംഗ് ഒഴിവാക്കാന്‍ വേണ്ടിയാണ് രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരു സാംസ്‌കാരിക സംഘടനയുടെ പേരില്‍ ഈ പരിപാടി നടത്തിയതെന്നും ഇത്തരം ധൂര്‍ത്ത് നടത്തുന്നതിന് പകരം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ എംഎല്‍എ തയ്യാറാകണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചാണ്ടി ഉമ്മനും രംഗത്തെത്തിയിരിക്കുകയാണ്. അന്വേഷണ ഏജന്‍സികളും വിജിലന്‍സും സര്‍ക്കാരിന്റെ കൈവശമാണെന്നും എന്തെങ്കിലും ക്രമക്കേട് ഉണ്ടെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. സാരി വാങ്ങിയതുമായി ബന്ധപ്പെട്ട ബില്ലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കണക്കുകളും പുറത്തുവിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.