- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും; സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് മൂക്കുകയറിടാന്‍ കര്‍ശന നടപടികളുമായി ഗതാഗത വകുപ്പ്

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് മൂക്കുകയറിടാന്‍ കര്‍ശന നടപടികളുമായി ഗതാഗത വകുപ്പ്. നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സ്വകാര്യ ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്റ് പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. മത്സരയോട്ടം കണ്ടെത്തിയാല്‍ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. കുറ്റം ആവര്‍ത്തിക്കുന്ന പക്ഷം വാഹനത്തിന്റെ പെര്‍മിറ്റ് സ്ഥിരമായി റദ്ദാക്കുന്നതുള്‍പ്പെടെയുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്കാണ് സര്‍ക്കാര്‍ കടക്കുന്നത്.
ബസ് ജീവനക്കാര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധം
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബസ് ജീവനക്കാര്‍ക്ക് ഇനി മുതല്‍ പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരിശോധന വേളയില്‍ ജീവനക്കാര്‍ ഇത് ഹാജരാക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ബസുകളില്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കം. ഇതിനു പുറമെ ബസുകളിലെ സുരക്ഷാ സംവിധാനങ്ങളായ ക്യാമറ, ജിപിഎസ്, സ്പീഡ് ഗവര്‍ണര്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഇവയില്‍ കൃത്രിമം കാണിക്കുകയോ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ ചെയ്താല്‍ കനത്ത പിഴയും നിയമനടപടിയും നേരിടേണ്ടി വരും.
മത്സരയോട്ടം തടയാന്‍ ജിയോ ഫെന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ കാലതാമസം നേരിട്ടതോടെയാണ് പെര്‍മിറ്റ് റദ്ദാക്കല്‍ പോലുള്ള കടുത്ത നടപടികള്‍ ഉടന്‍ നടപ്പിലാക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. റോഡുകളില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും പ്രത്യേക പരിശോധനകള്‍ നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സര്‍വീസ് നടത്തുന്ന ബസുടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.


