തിരുവനന്തപുരം: കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണതോത് കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇന്‍ഡക്‌സ് കണക്ക് പ്രകാരം മൂന്നാര്‍(ഇടുക്കി), ചങ്ങനാശ്ശേരി(കോട്ടയം), കോന്നി(പത്തനംതിട്ട) എന്നിവിടങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ അള്‍ട്രാ വയലറ്റ് സൂചിക 8 രേഖപ്പെടുത്തി.

കൊട്ടാരക്കര(കൊല്ലം), ചെങ്ങന്നൂര്‍(ആലപ്പുഴ), കളമശ്ശേരി(എറണാകുളം), ഒല്ലൂര്‍(തൃശ്ശൂര്‍), തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം), ബേപ്പൂര്‍(കോഴിക്കോട്), മാനന്തവാടി(വയനാട്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കേണ്ടതുണ്ട്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. അള്‍ട്രാ വയലറ്റ് സൂചിക 6 മുതല്‍ 7 വരെ യെല്ലോ അലര്‍ട്ടും 8 മുതല്‍ 10 വരെ ഓറഞ്ച് അലര്‍ട്ടും 11ന് മുകളില്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ടുമാണ് പ്രഖ്യാപിക്കുക.