കൊച്ചി: വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അധിക്ഷേപിച്ച യുവാവിനെ വീട്ടമ്മ നടുറോഡില്‍ മര്‍ദിച്ചു. ആലുവ സ്വദേശി സുധീറിനെയാണ് പെരുമ്പാവൂര്‍ സ്വദേശിനിയായ വീട്ടമ്മ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൈകാര്യം ചെയ്തത്. 'കാവല്‍ മാലാഖ' എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നുമാണ് വീട്ടമ്മയുടെ ആരോപണം. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ അവസാനിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീട്ടമ്മയും യുവാവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്നെ മോശമായി ചിത്രീകരിച്ച് മാനഹാനി വരുത്തിയെന്നും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വേട്ടയാടുന്നു എന്നുമാണ് വീട്ടമ്മ പോലീസിനെ അറിയിച്ചിരിക്കുന്നത്.

വീട്ടമ്മ ഗുണ്ടാസംഘങ്ങളുമായെത്തി തന്നെ മര്‍ദിച്ചു എന്നാണ് സുധീറിന്റെ ആരോപണം. രണ്ടുപേരുടെയും പരാതികള്‍ സ്വീകരിച്ച പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. നടുറോഡില്‍ വെച്ച് മര്‍ദിച്ചതില്‍ മറ്റ് ദുരൂഹതകള്‍ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.