തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. 21 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഗള്‍ഫ് മേഖലയിലെ വ്യോമപാതകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് നടപടി. ശനിയാഴ്ച വിമാനത്താവളത്തില്‍ എത്തേണ്ട ഒമ്പത് സര്‍വീസുകളും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുറപ്പെടേണ്ട 12 സര്‍വീസുകളുമാണ് റദ്ദാക്കിയത്.

പ്രധാനമായും ദുബായ്, ഷാര്‍ജ, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളെയാണ് ബാധിച്ചിരിക്കുന്നത്. അതേസമയം, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരികെയെത്തിക്കുന്നതിനായി ചില വിമാനക്കമ്പനികള്‍ അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് ഭാഗികമായി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ യുഎഇയില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ കൃത്യമായ വിവരം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സംഘര്‍ഷം തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കും.