തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യതാപ ഭീഷണി ശക്തമാകുന്നു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ അള്‍ട്രാവയലറ്റ് (ഡഢ) സൂചിക അപകടകരമായ നിലയില്‍ (8) രേഖപ്പെടുത്തിയതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്നാറിന് പുറമെ കേരളത്തിലെ വിവിധ ജില്ലകളിലും യുവി ഇന്‍ഡക്‌സ് ഉയര്‍ന്നുനില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശനമായ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

തുടര്‍ച്ചയായി സൂര്യരശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ഗുരുതരമായ ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. യുവി സൂചിക 6 മുതല്‍ 7 വരെയാണെങ്കില്‍ യെല്ലോ അലര്‍ട്ടും, 8 മുതല്‍ 10 വരെയാണെങ്കില്‍ ഓറഞ്ച് അലര്‍ട്ടും, 11-ന് മുകളിലായാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കുന്നതാണ് മാനദണ്ഡം. അന്തരീക്ഷം തെളിഞ്ഞുനില്‍ക്കുന്നതും ഓസോണ്‍ പാളിയിലെ വ്യതിയാനങ്ങളുമാണ് ഇന്‍ഡക്‌സ് ഉയരാന്‍ കാരണമാകുന്നത്.

പൊതുജനങ്ങള്‍ ശ്രദ്ധിക്കാന്‍:

സമയക്രമം: പകല്‍ 10 മണി മുതല്‍ 3 മണി വരെയാണ് അള്‍ട്രാവയലറ്റ് രശ്മികള്‍ ഏറ്റവും ശക്തമാകുന്നത്. ഈ സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

സുരക്ഷാ കവചം: പുറത്തിറങ്ങുന്നവര്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ നിര്‍ബന്ധമായും കരുതണം. ശരീരം മുഴുവന്‍ മറയുന്ന ഇളംനിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉചിതമായിരിക്കും.

പ്രത്യേക ജാഗ്രത: നിര്‍മ്മാണത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. ചര്‍മ്മരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

വിശ്രമം: യാത്രയ്ക്കിടയിലും ജോലിസ്ഥലങ്ങളിലും തണലുള്ള ഇടങ്ങളില്‍ ഇടവേളകളില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും സാധാരണയായി യുവി സൂചിക ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവരും വിനോദസഞ്ചാരത്തിനെത്തുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.