ആലപ്പുഴ: ആലപ്പുഴ എരമല്ലൂരില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കു പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ആണ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചത്. രാവിലെ 11.10ഓടെയാണ് അപകടം. ബസില്‍ 40 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 23 പേര്‍ക്ക് പരുക്കുണ്ട്. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും ഏതാനും പേരെ തുറവൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ച് പേര്‍ക്കു സാരമായ പരുക്കുണ്ട്. ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പലരുടെയും പരിക്ക് സാരമുള്ളതെന്നാണ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇന്ന് പകല്‍ 11 മണിക്ക് ശേഷമാണ് അപകടം നടന്നത്. പരിക്കേറ്റവരെല്ലാം ബസ് യാത്രികരെന്നാണ് പ്രാഥമിക നിഗമനം. അപകടം നേരില്‍ കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസടക്കം സ്ഥലത്തെത്തി. വിവിധ ആംബുലന്‍സുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമൊക്കെയായാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുന്നത്.