തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളില്‍ രോഗികള്‍ കുടുങ്ങി. രോഗികളും രോഗികളുടെ സഹായികളും ഉള്‍പ്പെടെ ആറുപേരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഒരു മണിക്കൂറിന് ശേഷമാണ് എല്ലാവരെയും പുറത്തെത്തിക്കാനായത്. നേരത്തേയും നിരവധി തവണ ഇവിടെ ആളുകള്‍ ലിഫ്റ്റില്‍ കുടുങ്ങിയിട്ടുണ്ട്. ആശുപത്രിയിലെ ജനറേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് ആളുകള്ഡ ലിഫ്റ്റില്‍ കുടുങ്ങുന്നച്.

വൈദ്യുതി തകരാറുമൂലമാണ് ഇത്തവണ ലിഫ്റ്റ് നിന്നുപോയത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഒടുവില്‍ സുരക്ഷാ ജീവനക്കാരെത്തി, ലിഫ്റ്റ് താക്കോലുപയോഗിച്ച് തുറന്നാണ് ഇവരെ പുറത്തെത്തിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുതവണയാണ് രോഗികളോ രോഗികളുടെ സഹായികളോ ഇത്തരത്തില്‍ ലിഫ്റ്റ് തകരാറായി അതിനുള്ളില്‍ കുടുങ്ങുന്നത്.

നേരത്തെ, അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ആളുകള്‍ ലിഫ്റ്റില്‍ കുടുങ്ങിപ്പോയ അവസ്ഥയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാന്‍ ഇതുവരെയും സാധിച്ചിട്ടില്ല എന്നതാണ് അപകടകരമായ വസ്തുത.