കഴക്കൂട്ടം: ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ വയറ്റിനുള്ളില്‍ തുണിയും പഞ്ഞിയും വെച്ച് തുന്നിക്കെട്ടിയ സംഭവത്തില്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. പ്രശാന്തിനെതിരെയാണ് കഴക്കൂട്ടം പോലീസ് കേസെടുത്തത്. മേനംകുളം സ്വദേശിനി ഷീബ പ്രമോദാണ് ചികിത്സാ പിഴവ് ആരോപിച്ച് പരാതി നല്‍കിയത്.

കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് ഷീബയെ അപ്പന്‍ഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്കായി സി.എസ്.ഐ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ഡിസംബര്‍ 12-ന് ഇവര്‍ ആശുപത്രി വിട്ടു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തിയ മുറിവിന്റെ ഒരു ഭാഗം ഉണങ്ങുകയോ വേദന കുറയുകയോ ചെയ്തില്ല. വേദന അസഹനീയമായതോടെ ഷീബ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വയറിനുള്ളില്‍ പഞ്ഞിയും തുണിയും ഇരിക്കുന്നത് കണ്ടെത്തിയത്.

വിവരം പുറത്തുവന്നതോടെ ഷീബയെ വീണ്ടും സി.എസ്.ഐ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയിലൂടെ വയറ്റിനുള്ളിലെ തുണിയും പഞ്ഞിയും നീക്കം ചെയ്യുകയും ചെയ്തു. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ ഷീബ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും (ഉങഛ) പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.