മലപ്പുറം: നിലമ്പൂരില്‍ അങ്കണവാടിയുടെ അടുക്കളയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. റെയില്‍വേ സ്റ്റേഷന് സമീപത്തെ തോട്ടപൊയില്‍ അങ്കണവാടിയിലെ അടുക്കളക്ക് സമീപം പാത്രങ്ങള്‍ക്ക് ഇടയിലായിരുന്നു പാമ്പ്. രാവിലെ അങ്കണവാടി തുറന്ന ശേഷം കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി ടീച്ചറും ഹെല്‍പ്പറും അടുക്കളയിലെത്തിയപ്പോഴാണ് ചുവരിനോട് ചേര്‍ന്ന് പാത്രങ്ങള്‍ക്കിടയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ എമര്‍ജന്‍സി റെസ്‌ക്യൂഫോഴ്‌സ് ടീമിനെ വിവരം അറിയിച്ചു. എമര്‍ജന്‍സി റെസ്‌ക്യൂഫോഴ്‌സ് ടീം പിടികൂടിയ പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി. ഇതിനകം കുട്ടികളെ സുരക്ഷിതമായി തൊട്ടടുത്ത വീട്ടിലേക്ക് മാറ്റിയിരുന്നു. പാമ്പിന് എട്ടടിയോളം നീളമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.