കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ സ്വീകരിച്ചത്. ഇതോടെ നടന്‍ ദിലീപ് അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ ദിലീപ്, ശരത്ത് എന്നിവരെ കുറ്റവിമുക്തരാക്കിയ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ വിചാരണക്കോടതി തള്ളിയത് നിസ്സാര കാരണങ്ങള്‍ നിരത്തിയാണെന്നും, ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന നിരീക്ഷണം തെറ്റാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. വിചാരണക്കോടതി വിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും അപ്പീലില്‍ വ്യക്തമാക്കുന്നുണ്ട്.

ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ കേസില്‍ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവര്‍ക്ക് 20 വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചിട്ടുള്ളത്. ദിലീപ് അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ചതോടെ കേസില്‍ വീണ്ടും നിയമപോരാട്ടം കടുക്കുമെന്ന് ഉറപ്പായി.