- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് യുവാവിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് മാഫിയയുടെ ക്രൂരത തുടരുന്നു; ആര്യനാട് യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് മാഫിയയുടെ ക്രൂരമായ ഭീഷണിക്ക് പിന്നാലെ തിരുവനന്തപുരത്ത് ഇരുപത്തൊന്നുകാരന്‍ ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു-21) ആണ് മരിച്ചത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് യുവാവിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് ആനന്ദ് ആത്മഹത്യ ചെയ്തത്.
ഈ മാസം ആറാം തീയതി വീടിനുള്ളില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഓണ്‍ലൈന്‍ ആപ്പില്‍ നിന്നും പണം കടമെടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പണം തിരികെ നല്‍കിയിട്ടും വീണ്ടും തുക ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
ആനന്ദിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുനല്‍കിയ മാഫിയ, സഹോദരിയുടെ ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ യുവാവ് ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബം സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. സമാനമായ രീതിയില്‍ യുവാക്കളെ കെണിയില്‍പ്പെടുത്തുന്ന വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


