- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി പരിസരത്തുനിന്നും ഇനി അറസ്റ്റ് ചെയ്യാം: ഹൈക്കോടതി മാര്‍ഗ നിര്‍ദേശം ഭേദഗതി ചെയ്ത് സുപ്രീംകോടതി

തിരുവനന്തപുരം: കോടതി പരിസരങ്ങളില്‍ നിന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി. കോടതി വളപ്പില്‍ ഗൗരവകരമായ കുറ്റകൃത്യങ്ങള്‍ നടക്കുകയോ, പ്രതികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടാവുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ പോലീസിന് അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാം. കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തിയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.പോലീസും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിക്കുന്ന പെര്‍മനന്റ് കമ്മിറ്റിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൂടി ഉള്‍പ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 2025 ഓഗസ്റ്റ് 19-നാണ് അഭിഭാഷക സംഘടനയുടെ പരാതിയില്‍ കോടതി പരിസരത്ത് അറസ്റ്റ് പാടില്ലെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം ഹൈക്കോടതി പുറപ്പെടുവിച്ചത്. എന്നാല്‍ ഇത് ക്രമസമാധാന പരിപാലനത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.
കോടതി പരിസരത്ത് പോലീസ് അറസ്റ്റ് ചെയ്യുന്നത് തടയുന്നത് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പുതിയ ഭേദഗതി പ്രകാരം, ഒരു കുറ്റം നടന്നാലുടന്‍ പ്രതിയെ പിടികൂടേണ്ട സാഹചര്യത്തിലും പ്രതി കോടതി പരിസരത്ത് ഒളിച്ചിരിക്കാന്‍ സാധ്യതയുള്ളപ്പോഴും പോലീസിന് ഇടപെടാം. കമ്മിറ്റിയുടെ പ്രവര്‍ത്തനം പോലീസിന്റെ നിയമപരമായ അന്വേഷണങ്ങളിലോ അധികാരങ്ങളിലോ ഇടപെടാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
കോടതിക്കുള്ളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കോ അഭിഭാഷകര്‍ക്കോ പൊതുജനങ്ങള്‍ക്കോ നേരെ ആക്രമണമുണ്ടായാല്‍ ക്രിമിനലുകളെ തല്‍ക്ഷണം അറസ്റ്റ് ചെയ്യാന്‍ ഈ വിധിയിലൂടെ സാധിക്കുമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു പറഞ്ഞു. അസോസിയേഷന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്ത്, അഡ്വ. അമിത് കൃഷ്ണന്‍ എന്നിവര്‍ ഹാജരായി.


