തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രസ്താവനകള്‍ രാഷ്ട്രീയ പാപ്പരത്തമാണെന്നും ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ കണ്ടുള്ള പരിഭ്രാന്തിയാണെന്നും അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന്‍.

അംബാനി, അദാനി, ടാറ്റ, ബിര്‍ള തുടങ്ങിയ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് ലാഭം കൊയ്യാന്‍ വഴിയൊരുക്കുകയും ഇലക്ടറല്‍ ബോണ്ട് വഴി കോടികള്‍ വാങ്ങിക്കൂട്ടുകയും ചെയ്ത കോണ്‍ഗ്രസ്, സിപിഐഎമ്മിനെ കോര്‍പ്പറേറ്റ് എന്ന് വിളിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. 1970കളില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ 'ഗരീബി ഹഠാവോ' മുദ്രാവാക്യം വെറും വാക്കുകളില്‍ ഒതുങ്ങിയപ്പോള്‍, അതിദാരിദ്ര്യം നിര്‍മാര്‍ജനം സാധ്യമാക്കിയ ഏക സംസ്ഥാനമായി കേരളത്തെ മാറ്റിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് ഗുണമേന്മയുള്ള വീടുകള്‍ നല്‍കിയ കേരളത്തിന്റെ നേട്ടത്തെ, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാസയോഗ്യമല്ലാത്ത ഇന്ദിരാ ആവാസ് യോജന വീടുകളുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല.

യുഎസ് - ഇന്ത്യ വ്യാപാര കരാറിനെതിരെ ഇപ്പോള്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് ഇരട്ടത്താപ്പാണ്. 2025 ഡിസംബറില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തെ പുകഴ്ത്തി ഇന്ത്യക്ക് നേട്ടമായിട്ടുണ്ടെന്ന് പറഞ്ഞ വ്യക്തിയാണ്. 2006ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കാര്‍ഷിക സഹകരണത്തിന്റെ മറവില്‍ കൊണ്ടുവന്ന ഇന്ത്യ - യുഎസ് കാര്‍ഷിക വ്യാപാര കരാര്‍ അമേരിക്കന്‍ കാര്‍ഷിക ഭീമന്മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു. മൊണ്‍സാന്റോയും വാള്‍മാര്‍ട്ടും അടക്കമുള്ള കമ്പനികളാണ് ഇതിന്റെ ബോര്‍ഡില്‍ ഇടംപിടിച്ചത്.

2008ല്‍ ദാരിദ്ര്യം ഇല്ലാതാക്കാന്‍ ആണവ കരാര്‍ അത്യാവശ്യമാണെന്ന് വാദിച്ച രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി തന്നെയാണ് ആസിയാന്‍ കരാറിലൂടെയും, ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ കരാറിലൂടെയും രാജ്യത്തെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ഭരണത്തിന്റെ കാര്യത്തില്‍ ഇരട്ടകളായ ബിജെപിക്കൊപ്പം ചേര്‍ന്ന കോണ്‍?ഗ്രസ് ഇപ്പോള്‍ നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ വക്താക്കളാണ്. പത്തുലക്ഷത്തിലധികം കര്‍ഷക ആത്മഹത്യകള്‍ക്ക് ഉത്തരവാദികളായ രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിക്ക് തുടക്കമിട്ട കോണ്‍ഗ്രസ് ഇന്ന് കര്‍ഷകര്‍ക്കായി മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്.

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഇഡിയെയും കേന്ദ്ര ഏജന്‍സികളെയും വിളിച്ച് ബിജെപിക്ക് വഴിവച്ചു കൊടുക്കുകയാണ് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെയും മനീഷ് സിസോദിയയുടെയും കാര്യത്തില്‍ ചെയ്തതുപോലെ കേരളത്തിലും ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന രാഹുല്‍ ഗാന്ധിക്കും യുഡിഎഫിനും കേരളത്തിലെ ജനങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ മറുപടി നല്‍കുമെന്ന് എഐകെഎസ് ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.