തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനല്‍ ആസന്നമായ സാഹചര്യത്തില്‍ ഉഷ്ണകാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാര്‍ക്ക് ഒരു കോടി രൂപ വീതം അനുവദിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വേനല്‍ക്കാല ദുരന്ത ലഘൂകരണ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമുണ്ടായത്. വരള്‍ച്ച, കുടിവെള്ളക്ഷാമം, വന്യജീവി ആക്രമണം, തീപിടിത്തം തുടങ്ങിയ പ്രശ്‌നങ്ങളില്‍ അതീവ ജാഗ്രത പാലിക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പ്രാദേശിക 'ഹീറ്റ് ആക്ഷന്‍ പ്ലാന്‍' മാതൃകയില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കര്‍മ്മപദ്ധതികള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഉഷ്ണതരംഗത്തെയും സൂര്യാഘാതത്തെയും പ്രതിരോധിക്കാന്‍ വിപുലമായ പൊതുജന ക്യാമ്പയിനുകള്‍ ഊര്‍ജിതമാക്കും.

പ്രധാന തീരുമാനങ്ങള്‍:

ഹീറ്റ് ക്ലിനിക്കുകള്‍: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൂര്യാഘാതമേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കാനുള്ള സൗകര്യം ഉറപ്പാക്കും.

തണ്ണീര്‍ പന്തലുകള്‍: മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കവലകള്‍ എന്നിവിടങ്ങളില്‍ തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കും. നിലവിലുള്ള വാട്ടര്‍ കിയോസ്‌കുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും.

പരീക്ഷാ കേന്ദ്രങ്ങള്‍: പരീക്ഷാ ഹാളുകളില്‍ മതിയായ വായുസഞ്ചാരവും കുടിവെള്ള ലഭ്യതയും ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശം നല്‍കി.

കാര്‍ഷിക സംരക്ഷണം: ഉപ്പുവെള്ളം കയറാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ക്കൊപ്പം കാര്‍ഷിക വിളകളുടെ സംരക്ഷണവും ഉറപ്പാക്കും.

യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവര്‍ പങ്കെടുത്തു.