ന്യൂഡല്‍ഹി: ഭാരതത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചുവെന്ന് സുപ്രീംകോടതി. മുസ്ലീം വ്യക്തിനിയമപ്രകാരം സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് പരമോന്നത കോടതിയുടെ സുപ്രധാന നിരീക്ഷണം. വ്യക്തിനിയമങ്ങള്‍ മൂലമുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ക്ക് അറുതിവരുത്താന്‍ അതാത് നിയമസഭകള്‍ ഉചിതമായ നിയമനിര്‍മ്മാണം നടത്തണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 1937-ലെ മുസ്ലീം വ്യക്തിനിയമത്തിലെ (ശരിയത്ത്) ചില വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് തുല്യനീതി നിഷേധിക്കുന്നുവെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. ഈ വിവേചനം ഇനിയും തുടരാനാകില്ലെന്ന സൂചനയാണ് കോടതി നല്‍കിയിരിക്കുന്നത്.

ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുത്തലാഖ് റദ്ദാക്കിയ 2017-ലെ വിധി ഉള്‍പ്പെടെയുള്ള മുന്‍കാല ഉത്തരവുകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വ്യക്തിനിയമങ്ങള്‍ പൗരന്റെ മൗലികാവകാശം ലംഘിക്കുമ്പോള്‍ കോടതിക്ക് കൈകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി നിയമപരമായ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം വാദിച്ചു.

വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലും ഏകീകൃത സിവില്‍ കോഡിലേക്ക് നീങ്ങുന്നതിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിയമസഭകള്‍ക്കും വലിയ പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തെ നിയമവ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചേക്കാവുന്ന നിരീക്ഷണമാണിത്.