ആലപ്പുഴ: മൊബൈല്‍ ഫോണില്‍ ഭാര്യയ്ക്ക് സന്ദേശം അയച്ചെന്നാരോപിച്ച് യുവാവ് അയല്‍വാസിയുടെ തലയ്ക്ക് ചുറ്റികയ്ക്കടിച്ചു. ആറാട്ടുവഴി ചക്കുപറമ്പ് വീട്ടില്‍ ഷിബിന്‍ രാജ് (28) ആണ് ആക്രമിക്കപ്പെട്ടത്. അയല്‍വാസിയായ ചക്കുപറമ്പ് സ്വദേശി ജോബിന്‍ ജോണ്‍സണ്‍ ആണ് ഷിബിനെ ആക്രമിച്ചത്. അടിയേറ്റ് ഷിബിന്‍ രാജിന്റെ തലയോട്ടിയുടെ ഇടതുവശം പൊട്ടിയിട്ടുണ്ട്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പ്രതി ജോബിന്‍ ജോണ്‍സണെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

തിങ്കള്‍ പകല്‍ ഒന്നരയോടെ കൊമ്മാടി മംഗലം റോഡില്‍ ജോസ്‌കോ തടിമില്ലിന് കിഴക്കുവശത്തെ വീട്ടുമുറ്റത്താണ് സംഭവം. ബൈക്കില്‍ ഇരിക്കുകയായിരുന്ന ഷിബിന്‍ രാജിന്റെ മൊബൈല്‍ ഫോണ്‍ ജോബിന്‍ ആവശ്യപ്പെട്ടു. ഷിബിന്‍ ഫോണ്‍ നല്‍കിയില്ല. ഉടന്‍ ചുറ്റികയെടുത്ത് തലയ്ക്കടിച്ചെന്നാണ് കേസ്. ഷിബിന്‍ രാജിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.