കാളികാവ്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച വാര്‍ധക്യ പെന്‍ഷന്‍ തുക ഉടമസ്ഥന് തിരികെ നല്‍കി കാളികാവിലെ ഹരിത കര്‍മസേനാംഗങ്ങള്‍ മാതൃകയായി. മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും പ്ലാസ്റ്റിക് കിറ്റാലാക്കി പൊതിഞ്ഞു സൂക്ഷിച്ചിരുന്നന്ന പണമാണ് ലഭിച്ചത്. അമ്പലക്കടവ് വടക്കയില്‍ അബൂബക്കറിന്റെ പെന്‍ഷന്‍ പണമാണ് പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം നഷ്ടപ്പെട്ടത്. വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനിടെയാണ് സേനാംഗങ്ങള്‍ക്ക് പണവും കൂടെ കാളികാവ് സഹകരണ ബാങ്കിന്റെ പെന്‍ഷന്‍ സ്ലിപ്പും ലഭിച്ചത്.

അബൂബക്കറിന്റെ പേര് സ്ലിപ്പില്‍ ഉണ്ടായിരുന്നതിനാല്‍ ഉടമയെ വേഗത്തില്‍ കണ്ടെത്താന്‍ സാധിച്ചു. മാലിന്യത്തില്‍നിന്ന് തുക ലഭിച്ച ഹരിതകര്‍മ സേനാംഗങ്ങള്‍ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമാ രാജന്‍, വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ അഞ്ചച്ചവിടി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഉടമയെ വിളിച്ചുവരുത്തി തുക കൈമാറി. പെന്‍ഷന്‍ തുക വാങ്ങിച്ചു വെച്ച സ്ഥലം അബൂബക്കറിന് ഓര്‍മയുണ്ടായിരുന്നില്ല. പണം കെട്ടിവെച്ച പ്ലാസ്റ്റിക് കവറും വീട്ടുകാര്‍ മാലിന്യത്തോടൊപ്പം ഹരിത കര്‍മ സേനയ്ക്കു നല്‍കുകയാണുണ്ടായത്.

ജോലിയോടുള്ള അര്‍പ്പണബോധവും സത്യസന്ധതയും വീണ്ടും തെളിയിച്ചിരിക്കുകയാണ് ഹരിത കര്‍മസേനയെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. നഷ്ടപ്പെട്ടുവെന്ന് കരുതിയ തുക തിരികെ ലഭിച്ചതില്‍ അബൂബക്കറും കുടുംബവും സേനാംഗങ്ങളോടും പഞ്ചായത്ത് അധികൃതരോടും നന്ദി രേഖപ്പെടുത്തി.