മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ചെന്നാറയില്‍ അലിയാരിനാണ് (58) മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷ വിധിച്ചത്. 12 വയസുകാരനാണ് പീഡനത്തിന് ഇരയായത്.

2020 ഡിസംബര്‍ 28-നാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ കാവുങ്കര ഭാഗത്ത് പുഴയില്‍ ചൂണ്ടയിടാനെത്തിയ 12 വയസ്സുകാരനെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്. കൂടുതല്‍ മീന്‍ കിട്ടുന്ന സ്ഥലം കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ എസ്. അജയകുമാര്‍, എം.എ. മുഹമ്മദ്, കെ.എസ്. ഗോപകുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്‍. ജമുന ഹാജരായി.