തിരുവനന്തപുരം: പൊതുമരാമത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ ജീവിതത്തെ അധിക്ഷേപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന് രൂക്ഷ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഠിനാധ്വാനത്തിലൂടെയും നിരന്തര പോരാട്ടങ്ങളിലൂടെയും കെട്ടിപ്പടുത്തതാണ് റിയാസിന്റെ രാഷ്ട്രീയ ജീവിതമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. മന്ത്രി റിയാസിനെ 'മരുമകന്‍' എന്ന് വിളിച്ച് ആക്ഷേപിക്കാന്‍ ശ്രമിക്കുന്ന രാജീവ് ചന്ദ്രശേഖറിനോട് തിരിച്ചൊരു ചോദ്യമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. നിങ്ങളുടെ പൊതുപ്രവര്‍ത്തന പാരമ്പര്യം ഒന്ന് വിശദമാക്കാമോ? ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണോ അതോ മറ്റ് വഴികളിലൂടെയാണോ നിങ്ങള്‍ ഈ പദവികളില്‍ എത്തിയത്? - അദ്ദേഹം ചോദിച്ചു. വികസന കാര്യത്തില്‍ രാഷ്ട്രീയം കളിക്കാതെ വസ്തുതകള്‍ സംസാരിക്കാനാണ് ബിജെപി തയ്യാറാകേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തുന്ന രാഷ്ട്രീയ അല്പത്തരങ്ങള്‍ക്കുള്ള മറുപടി ഈ നാട് തന്നെ നല്‍കും. കേരളത്തിലെ ദേശീയപാതാ വികസനം തടസ്സപ്പെടുത്താന്‍ ബിജെപിയും കോണ്‍ഗ്രസും ഒളിഞ്ഞും തെളിഞ്ഞും കൂട്ടുനിന്ന ചരിത്രം ആരും മറന്നിട്ടില്ല. യുഡിഎഫ് ഭരണകാലത്ത് തീര്‍ത്തും സ്തംഭിച്ചുപോയ ഒരു പദ്ധതിയായിരുന്നു. അന്ന് മരണശ്വാസം വലിച്ചു കിടന്ന ദേശീയപാതാ വികസനത്തിന് ജീവന്‍ നല്‍കിയത് ഈ എല്‍ഡിഎഫ് സര്‍ക്കാരാണ്. 6000 കോടിയിലധികം രൂപ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി വിട്ടുകൊടുത്തു. കീഴാറ്റൂരിലും മറ്റും ബിജെപിയും കോണ്‍ഗ്രസും കപട പരിസ്ഥിതിവാദികളും ചേര്‍ന്ന് വികസനം മുടക്കാന്‍ നോക്കിയപ്പോള്‍, അതിനെ അതിജീവിച്ചാണ് ഇന്ന് കാണുന്ന മാറ്റം ഉണ്ടായതെന്നും മന്ത്രി ഓര്‍മപ്പെടുത്തി.

'മന്ത്രി റിയാസിനെ ആക്ഷേപിക്കുന്ന രീതിയില്‍ 'മരുമകന്‍' എന്ന് ചിലര്‍ വിളിക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖറോട് എനിക്ക് ചോദിക്കാനുള്ളത് ഒന്നേയുള്ളൂ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന പാരമ്പര്യം നിങ്ങള്‍ക്കറിയാമോ? എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായി തുടങ്ങിയതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. ഫാറൂഖ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ക്ലാസ് റെപ്രസന്റേറ്റീവായി, 1994-ല്‍ കോളേജ് യൂണിറ്റ് പ്രസിഡന്റായി. 96-97 കാലഘട്ടത്തില്‍ കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും പിന്നീട് യൂണിയന്‍ ഭാരവാഹിയുമായി. ഡിവൈഎഫ്‌ഐയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്, 2017-ല്‍ അഖിലേന്ത്യാ പ്രസിഡന്റായി. 2021-ല്‍ ബേപ്പൂരില്‍ നിന്ന് ജനങ്ങള്‍ തിരഞ്ഞെടുത്താണ് അദ്ദേഹം ഈ നിയമസഭയില്‍ എത്തിയത്.

ഇതൊന്നും ഏതെങ്കിലും മിസ്ഡ് കോള്‍ അടിച്ച് ബിജെപി മെമ്പര്‍ഷിപ്പ് എടുക്കുന്നതുപോലെ എളുപ്പമുള്ള കാര്യമല്ല. കഠിനാധ്വാനത്തിലൂടെയും പോരാട്ടങ്ങളിലൂടെയും കെട്ടിപ്പടുത്തതാണ് ഈ രാഷ്ട്രീയ ജീവിതം. 2020 ജൂണിലാണ് മന്ത്രി റിയാസ് വീണയെ വിവാഹം കഴിക്കുന്നത്. അതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ അദ്ദേഹം രാഷ്ട്രീയത്തിലുണ്ട്. അദ്ദേഹത്തെ 'മരുമോന്‍' എന്ന് ആക്ഷേപ രീതിയില്‍ വിളിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുകകേരളത്തിലെ വീടുകളില്‍ 'മരുമോന്‍' എന്നത് വളരെ ആദരവോടെയും സ്‌നേഹത്തോടെയും സ്വീകരിക്കപ്പെടുന്ന ഒരു പദവിയാണ്. ചില വീടുകളില്‍ മാത്രം അത് പ്രശ്‌നമായിരിക്കാം, ആ ശീലം രാജീവ് ചന്ദ്രശേഖറും ബിജെപിക്കാരും ഇങ്ങോട്ട് എടുക്കണ്ട' - വി ശിവന്‍കുട്ടി പറഞ്ഞു.