തിരുവനന്തപുരം: പാചകവാതക ക്ഷാമത്തെത്തുടര്‍ന്ന് ഇന്ത്യന്‍ കോഫിഹൗസുകളുടെ അടുക്കളയില്‍ കടുത്ത നിയന്ത്രണം. ഉച്ചയൂണ് പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം. പ്രതിസന്ധി തീരുംവരെ ഊണിനുപകരം ബിരിയാണി നല്‍കും. പകല്‍ 12 മുതല്‍ മൂന്നുവരെ ചായയും കോഫിയും നല്‍കില്ല. ഗ്യാസ് ലഭിക്കാത്തതിനാല്‍ വന്‍ പ്രതിസന്ധിയാണ് കോഫി ഹൗസുകള്‍ നേരിടുന്നത്. ഒന്നോരണ്ടോ ദിവസത്തേക്കുള്ള സിലിന്‍ഡര്‍ മാത്രമേ കോഫിഹൗസുകളില്‍ കരുതലുള്ളൂ.

തൃശ്ശൂര്‍മുതലുള്ള തെക്കല്‍ ജില്ലകളില്‍ 45 ശാഖകളാണ് തൃശ്ശൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ കോഫിഹൗസ് ശൃംഖലയ്ക്കുള്ളത്. പതിനഞ്ച് ശാഖകളില്‍ ഭാഗികമായെങ്കിലും വിറകുപയോഗിച്ച് പാചകം തുടരാന്‍ നിര്‍ദേശം നല്‍കിയതായി തൃശ്ശൂര്‍ ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.എസ്. അനില്‍കുമാര്‍ പറഞ്ഞു. വിറകുപയോഗിച്ചുമാത്രം പ്രവര്‍ത്തനം തുടരാന്‍ കഴിയില്ല. 45 ശാഖകളിലേക്ക് ഒരുമാസം അയ്യായിരത്തോളം സിലിന്‍ഡറുകളാണ് വേണ്ടത്. പ്രതിസന്ധി തുടരുന്നതിനാല്‍ ഊണ് ഒഴിവാക്കാനാണ് സാധ്യത.

ആശുപത്രി കാന്റീനുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ കൂടുതല്‍ സിലിന്‍ഡര്‍ ആവശ്യപ്പെട്ട് പാചകവാതക വിതരണ കമ്പനിക്ക് കോഫിബോര്‍ഡ് കത്തുനല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിയമസഭയിലേതടക്കം കെട്ടിടങ്ങളുടെ താഴത്തെ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കോഫിഹൗസുകളില്‍ വിറകടുപ്പ് ഉപയോഗിക്കാനാകില്ല.