പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തിലേക്ക് കടക്കവെ പത്തനംതിട്ട കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ദിവാകരന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. അടൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് മുതിര്‍ന്ന നേതാവായ ബാബു ദിവാകരന്റെ രാജിയിലേക്ക് നയിച്ചത്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അദ്ദേഹം രാജിക്കത്ത് നല്‍കി.

അടൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തിന് പുറത്തുള്ളവരെ പരിഗണിക്കുന്നു എന്നതാണ് രാജിക്കുള്ള പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അഡ്വ. സി.വി. ശാന്തകുമാറിനെ അടൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഏകദേശ ധാരണയിലെത്തിയിരുന്നു. ഇതിന് പുറമെ മുന്‍ എംപി രമ്യ ഹരിദാസിന്റെ പേരും മണ്ഡലത്തിലേക്ക് സജീവമായി പരിഗണിച്ചിരുന്നു. ഈ നീക്കങ്ങള്‍ക്കെതിരെയാണ് പ്രാദേശിക നേതൃത്വത്തില്‍ നിന്നും ബാബു ദിവാകരന്‍ കലാപക്കൊടി ഉയര്‍ത്തിയത്.

മുന്‍ നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ അടൂരില്‍ സുപരിചിതനായ നേതാവാണ് ബാബു ദിവാകരന്‍. കെപിസിസി സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ജില്ലയിലെ പ്രധാന നേതാക്കളിലൊരാള്‍ പാര്‍ട്ടി വിടുന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് പത്തനംതിട്ടയിലെ കോണ്‍ഗ്രസ് നേതൃത്വം.