- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബില്‍ ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരന്‍ കുഴഞ്ഞുവീണു മരിച്ചു; യുപിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 55 സിലണ്ടറുകള്‍
ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരന്‍ കുഴഞ്ഞുവീണു മരിച്ചു

ലക്‌നൗ: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കടുത്ത ഇന്ധന പ്രതിസന്ധിയാണ് ഇന്ത്യയടക്കമുള്ള ഒട്ടേറെ രാജ്യങ്ങള്‍ നേരിടുന്നത്. പഞ്ചാബിലെ ബര്‍ണാല ജില്ലയില്‍ ഏജന്‍സിക്കു മുന്നില്‍ ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരന്‍ കുഴഞ്ഞുവീണു മരിച്ചു. അതിരാവിലെ മുതല്‍ ഗ്യാസ് ഏജന്‍സിക്ക് മുന്നില്‍ ക്യൂ നിന്ന ഭൂഷന്‍ കുമാര്‍ മിത്തലാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഗ്യാസ് സിലണ്ടര്‍ വാങ്ങുന്നതിനായി അതിരാവിലെ വീട്ടില്‍നിന്നും ഇറങ്ങിയ 66 കാരന്‍ രാവിലെ എട്ടു മണി മുതല്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു. വിശപ്പും ദാഹവും സഹിച്ച് ക്യൂ നില്‍ക്കുന്നതിനിടെ പത്ത് മണിയോടെയാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുന്‍പേ ഭൂഷന്‍ മരിച്ചു.
അതേസമയം യുപിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ നിന്ന് 55 സിലിണ്ടറുകള്‍ റെയ്ഡില്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഹാപൂര്‍ ജില്ലയിലുള്ള എസ്പി നേതാവായ അബ്ദുള്‍ റഹ്‌മാന്റെ വീട്ടില്‍നിന്നുമാണ് എല്‍പിജി സിലിണ്ടറുകള്‍ കണ്ടെടുത്തത്. നിലവിലെ പ്രതിസന്ധി നേരിടാന്‍ ഗ്യാസ് ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ അവസരത്തിലാണ് ഇത്രയധികം സിലണ്ടറുകള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പിടികൂടിയത്.
നേരത്തെ രാജ്യത്തെ എല്‍പിജി ക്ഷാമത്തിനു കേന്ദ്രത്തെയടക്കം സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തിയിരുന്നു. പാചക വാതക ലഭ്യത സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് സമാജ്വാദി പാര്‍ട്ടി എംപി രാം ഗോപാല്‍ യാദവ് പറഞ്ഞത്. ജനങ്ങള്‍ നീണ്ട ക്യൂവിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് സ്വന്തം പാര്‍ട്ടിയംഗത്തിന്റെ വീട്ടില്‍നിന്നും അനധികൃതമായി സൂക്ഷിച്ച 55 സിലിണ്ടറുകള്‍ കണ്ടെടുത്തത്. എന്നാല്‍ സംഭവത്തിനു പിന്നാലെ അബ്ദുള്‍ റഹ്നുമായി ബന്ധമില്ലെന്ന് സമാജ്വാദി പാര്‍ട്ടി അറിയിച്ചു.


