കൊല്ലം: കാട്ടുപന്നികളെ കൊല്ലാനെത്തുന്ന ഷൂട്ടര്‍മാര്‍ക്ക് പ്രതിഫലം നല്‍കാന്‍ പല തദ്ദേശസ്ഥാപനങ്ങള്‍ക്കും മടി. തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നതെങ്കിലും അത് കയ്യില്‍ കിട്ടാന്‍ മാസങ്ങളോളം ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്. ഇതടക്കമുള്ള കാരണങ്ങളാല്‍ ജോലിയില്‍നിന്ന് പിന്മാറാനുള്ള തീരുമാനത്തിലാണ് ഷൂട്ടര്‍മാര്‍.

1,500 രൂപയാണ് ഒരു പന്നിയെ കൊല്ലുന്നതിന് ഷൂട്ടര്‍മാര്‍ക്ക് പ്രതിഫലം. ഈ പണം ചോദിക്കുമ്പോള്‍ സാങ്കേതികപ്രശ്‌നങ്ങളാണ് പല പഞ്ചായത്തുകളും ചൂണ്ടിക്കാട്ടുന്നതെന്ന് ഷൂട്ടര്‍മാര്‍ പറയുന്നു. ഏരൂര്‍, ഇടമുളയ്ക്കല്‍, വിളക്കുടി, ഇരവിപേരൂര്‍, പെരുമാട്ടി, നെന്‍മാറ, മുതലമട, മുണ്ടക്കയം, കൊഴിഞ്ഞാമ്പാറ, വടക്കാഞ്ചേരി, മുണ്ടക്കയം, കുളനട, കൊല്ലങ്കോട്, കായംകുളം നഗരസഭ എന്നിവിടങ്ങളില്‍നിന്നെല്ലാം പണം കിട്ടാനുണ്ടെന്ന് ഷൂട്ടര്‍മാര്‍ പറയുന്നു.

രാത്രിയില്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളിലടക്കം ഷൂട്ടര്‍മാര്‍ പന്നികളെ കൊല്ലാന്‍ പോകുന്നുണ്ട്. ഒറ്റയ്ക്ക് പോകാന്‍ മടിച്ച് പലരും സഹായികളെ കൂടെകൂട്ടും. വാഹനങ്ങളുടെ ഇന്ധനത്തിനും ഭക്ഷണത്തിനുമുള്ള തുകയും സ്വയം കണ്ടെത്തേണ്ടിവരും. വെടിവെപ്പിനുള്ള ഒരു ബുള്ളറ്റിന് 150 രൂപയാണ് വില. വെടിവെപ്പിനിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഷൂട്ടര്‍മാര്‍തന്നെയാകും ഉത്തരവാദികള്‍. ഇതും പലരെയും പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. തുക നല്‍കാത്ത പഞ്ചായത്തുകളില്‍ പന്നിവേട്ടയ്ക്ക് ഷൂട്ടര്‍മാര്‍ ഇനിമുതല്‍ പോകേണ്ടതില്ലെന്നാണ് ആംസ് ലൈസന്‍സീസ് അസോസിയേഷന്റെ തീരുമാനം.