- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുകുമാരന്‍ നായര്‍ പിതൃതുല്യന്‍; ഒരിക്കലും എതിര്‍ക്കില്ല; ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍

കൊല്ലം: പത്തനാപുരം എന്‍.എസ്.എസ്. താലൂക്ക് യൂണിയനിലെ തര്‍ക്കങ്ങളില്‍ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തെ ഒരിക്കലും എതിര്‍ക്കില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ള ഒരൊറ്റ പായ വിരിച്ചാണ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് 300 കോടിയുടെ ആസ്തിയാണ് യൂണിയനുള്ളത്. ഈ ആസ്തി കൈക്കലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. വളഞ്ഞ വഴിയിലൂടെയല്ല താന്‍ ഭാരവാഹിയായതെന്നും വോട്ട് ചെയ്ത് തെരഞ്ഞെടുക്കപ്പെട്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
'ജി. സുകുമാരന്‍ നായര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തെ എതിര്‍ക്കില്ലെന്ന് അച്ഛന് നല്‍കിയ വാക്കാണ്. അത് മരണം വരെ പാലിക്കും. മന്നത്ത് പത്മനാഭന്‍ കെട്ടിപ്പടുത്ത മഹാപ്രസ്ഥാനമാണ് എന്‍.എസ്.എസ്. ഞാന്‍ ഏകാധിപതിയൊന്നുമല്ല, അക്കാര്യം പത്തനാപുരത്തെ ജനങ്ങള്‍ക്കറിയാം.' - ഗണേഷ് കുമാര്‍ പറഞ്ഞു.
താലൂക്ക് യൂണിയന്‍ ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്ന് കത്ത് നല്‍കിയിരുന്നതായി മന്ത്രി വെളിപ്പെടുത്തി. 'പത്തനാപുരത്ത് എന്‍.എസ്.എസിനെ ആരെങ്കിലും നയിച്ചാല്‍ മതിയല്ലോ. എനിക്ക് ജീവിക്കാന്‍ ഒരു തൊഴിലുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഞാന്‍ ഓടിളക്കി വന്നവനല്ല.' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനായ തന്നെ വിമര്‍ശിക്കാനും തിരുത്താനും എല്ലാ സമൂഹത്തിനും അവകാശമുണ്ടെന്നും ഗണേഷ് കുമാര്‍ കൊല്ലത്ത് പറഞ്ഞു.


