തിരുവനന്തപുരം: അമ്പലമുക്കില്‍ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭയിലെ 25 വാര്‍ഡുകളില്‍ മാര്‍ച്ച് 14 മുതല്‍ 17 വരെ പൂര്‍ണമായും, മാര്‍ച്ച് 23 തിങ്കളാഴ്ച വരെ ഭാഗികമായും കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു. അരുവിക്കരയില്‍ നിന്നുള്ള 900 എം എം പി എസ് സി പൈപ്പ്‌ലൈനിലാണ് ചോര്‍ച്ച കണ്ടെത്തിയത്.

കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂര്‍കോണം, സൈനിക് സ്‌കൂള്‍, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂര്‍, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂര്‍, മുട്ടട എന്നീ വാര്‍ഡുകളിലെ ജലവിതരണമാണ് പ്രതിസന്ധിയിലായത്. നാലാഞ്ചിറ, മുട്ടട, കേശവദാസപുരം, പട്ടം എന്നിവിടങ്ങളിലും ജലവിതരണം മുടങ്ങും.

അമ്പലമുക്ക് ജംഗ്ഷന് സമീപം സ്ഥാപിച്ചിട്ടുള്ള പൈപ്പ്‌ലൈനിലാണ് പെട്ടെന്ന് ചോര്‍ച്ചയുണ്ടായത്. അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനായി ഈ ഭാഗത്തേക്കുള്ള വാല്‍വ് അടച്ചിരിക്കുകയാണ്.

ജലവിതരണം സാധാരണ നിലയിലാകാന്‍ ദിവസങ്ങളെടുക്കുമെന്നതിനാല്‍, ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി നിര്‍ദേശം നല്‍കി. നഗരത്തിലെ പ്രധാന മേഖലകളെ ബാധിക്കുന്ന ഈ തടസ്സങ്ങള്‍ പരിഹരിക്കാന്‍ അറ്റകുറ്റപ്പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.