തിരുവനന്തപുരം: പുതിയ തസ്തിക നിര്‍ണയ പ്രകാരം സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ 1857 പുതിയ തസ്തിക സൃഷ്ടിച്ചുവെങ്കിലും നിയമനം വൈകും. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യമാണ് ഇതിന് കാരണം. 655 അധിക തസ്തിക സര്‍ക്കാര്‍ സ്‌കൂളുകളിലും 1202 അധിക തസ്തിക എയ്ഡഡ് സ്‌കൂളുകളിലുമാണ്. 202526 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയപ്രകാരമാണ് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ അധ്യാപക തസ്തിക അനുവദിച്ചത്. ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് തിരഞ്ഞെടുപ്പു പ്രഖ്യാപനവും വരും.

പുനര്‍വിന്യാസം പൂര്‍ത്തിയായാല്‍ മാത്രമേ കൃത്യമായി എത്ര ഒഴിവുകളുണ്ടെന്ന് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാനാകൂ. എങ്കിലും പ്രാഥമിക കണക്കുകള്‍ പ്രകാരം 500 ഓളം തസ്തികകള്‍ ഉടന്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാനാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ, അര്‍ഹമായ തസ്തികകള്‍ കൃത്യസമയത്ത് അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടികള്‍ വേഗത്തിലാക്കിയത്. പക്ഷേ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പുള്ള തീരുമാനം അര്‍ഹതയുള്ളവര്‍ക്ക് വെല്ലുവിളിയാകും.

പൊതുവിദ്യാലയങ്ങളിലെ അധ്യാപക, അനധ്യാപക തസ്തികകള്‍ ഒരു അധ്യയന വര്‍ഷത്തേക്കാണ് അനുവദിക്കുന്നത്. അതുകൊണ്ടു തന്നെ കെഇആര്‍ അധ്യായം ഇരുപത്തി മൂന്ന് ചട്ടം 12 പ്രകാരം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഓരോ അധ്യയന വര്‍ഷത്തെയും ആറാം പ്രവൃത്തി ദിനത്തില്‍ യുഐഡി ഉള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയം നടത്തുവാനും തസ്തികകള്‍ അനുവദിക്കുവാനും സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമായതിനാല്‍, അധ്യാപകരെ അദ്ധ്യയനത്തിനായി നിയമിക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.

തസ്തികനിര്‍ണയം നടത്താന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായാല്‍ മുന്‍ വര്‍ഷത്തെ തസ്തികനിര്‍ണയം തന്നെ തുടര്‍ വര്‍ഷങ്ങളില്‍ ബാധകമാക്കുവാനും ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. കെഇആര്‍ അധ്യായം ഇരുപത്തി മൂന്ന് ചട്ടം പന്ത്രണ്ടില്‍ ആറ് പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ശിപാര്‍ശ ചെയ്യുന്ന അധിക തസ്തികകള്‍ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാര്‍ ആണ്. അധിക തസ്തികകളുടെ പ്രാബല്യ തീയതി അതത് അക്കാദമിക വര്‍ഷം ഒക്ടോബര്‍ ഒന്നു മുതലാണ്.