- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കടുത്ത ചൂട്: ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി; ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക

തിരുവനന്തപുരം: കേരളത്തില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ വേണമെന്ന് അതോറിറ്റി അറിയിച്ചു.
പ്രധാന നിര്‍ദേശങ്ങള്‍:
സമയക്രമീകരണം: പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കേണ്ടതാണ്.
ജലപാനം: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. യാത്ര ചെയ്യുന്നവര്‍ എപ്പോഴും ഒരു കുപ്പി വെള്ളം കയ്യില്‍ കരുതുക.
വസ്ത്രധാരണം: അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: ക്ലാസ് മുറികളില്‍ വായുസഞ്ചാരവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണം. കുട്ടികളെ വെയിലേല്‍ക്കുന്ന അസംബ്ലികളിലോ വിനോദയാത്രകളിലോ ഈ സമയത്ത് പങ്കെടുപ്പിക്കരുത്.
പ്രത്യേക ശ്രദ്ധ വേണ്ടവര്‍: മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ 11 മുതല്‍ 3 വരെ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മറ്റ് മുന്‍കരുതലുകള്‍:
തീപിടുത്തം: മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ തീപിടുത്ത സാധ്യതയുള്ളതിനാല്‍ ഫയര്‍ ഓഡിറ്റും സുരക്ഷാ മുന്‍കരുതലും സ്വീകരിക്കണം.
കാട്ടുതീ: വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ പടരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.
ഓണ്‍ലൈന്‍ ഡെലിവറി: ഇരുചക്ര വാഹനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്ക് ഉച്ചസമയത്ത് വിശ്രമിക്കാനുള്ള അനുവാദം സ്ഥാപനങ്ങള്‍ നല്‍കണം.
മൃഗസംരക്ഷണം: കന്നുകാലികളെ ഉച്ചവെയിലില്‍ മേയാന്‍ വിടരുത്. വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കണം. കുട്ടികളെയോ മൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്.
അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


