ചാത്തന്നൂര്‍: ഭാര്യയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയ യുവാവിനെ വിളിച്ചുവരുത്തി ദമ്പതികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര ദിലീപ് ഭവനില്‍ ദിലീപ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കല്‍ വിലവൂര്‍കോണം സ്വദേശികളായ ദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമായ മര്‍ദ്ദനമേറ്റ് അവശനായ ദിലീപിനെ പ്രതികള്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദിലീപിനെ ആശുപത്രിയില്‍ എത്തിച്ചത്. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട ഡോക്ടര്‍മാര്‍ സംശയം തോന്നി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിയ പോലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതികള്‍ താമസിക്കുന്ന ഉളിയനാട് കെ.പി. ഗോപാലന്‍ മെമ്മോറിയല്‍ ലൈബ്രറിക്ക് സമീപത്തെ വാടകവീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.

പ്രതിയുടെ ഭാര്യയ്ക്ക് ദിലീപ് ഫോണിലൂടെ നിരന്തരം സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം പറഞ്ഞുതീര്‍ക്കാനെന്ന വ്യാജേനയാണ് ദിലീപിനെ പ്രതികള്‍ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് അവിടെവെച്ച് സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അവശനായി വീണ ദിലീപിനെ രക്ഷിക്കാനെന്ന ഭാവേനയാണ് പ്രതികള്‍ ആശുപത്രിയില്‍ എത്തിച്ചത്.

പോലീസ് വാടകവീട് സീല്‍ ചെയ്യുകയും ശാസ്ത്രീയ പരിശോധനകള്‍ ആരംഭിക്കുകയും ചെയ്തു. ദിലീപിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.