തിരുവനന്തപുരം : കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. കൊട്ടാരത്തെക്കുറിച്ച് നല്ല പരിചയമുള്ളയാളാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ സന്ദര്‍ശകരെ ഉള്‍പ്പെടെ സംശയനിഴലിലാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൊട്ടാരത്തിലെത്തിയ മുഴുവന്‍ പേരുടെയും പട്ടിക തയ്യാറാക്കും. വിദേശികളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊട്ടാരത്തിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.

അമൂല്യരത്‌നങ്ങളടക്കം രണ്ട് കോടി വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. പരമ്പരാഗതമായി കൈമാറി വന്നതും വജ്രം പതിപ്പിച്ചതുമായ ആഭരണങ്ങളാണ് നഷ്ടമായതെന്നും ഇവ അലമാരയില്‍ നിന്നുമാണ് മോഷ്ടിച്ചിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.